
പാനമ: ചൈനയുമായൊരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കുലും അമേരിക്കൻ ഭൂഖണ്ഡത്തിലെ ചൈനയുടെ ഭീഷണികളെ തടയാൻ നടപടിയെടുക്കുമെന്നും യു എസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. പാനമ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഹെഗ്സെത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കത്തിന്റെ കേന്ദ്രബിന്ദുവാണ് പാനമ കനാൽ.“ഞങ്ങൾ ചൈനയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല… എന്നാൽ ഈ അമേരിക്കൻ ഭൂഖണ്ഡത്തിലെ ചൈനയുടെ ഭീഷണികളെ ശക്തമായും ഊർജ്ജിതമായും തടയുന്നതിലൂടെ നമുക്ക് ഒരുമിച്ച് യുദ്ധം ഒഴിവാക്കാൻ കഴിയും” – ഹെഗ്സെത്ത് പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള യുഎസ്സിന്റെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ചൈനയുടെ സാമ്പത്തിക ബന്ധങ്ങളും സൈനിക സഹകരണവും യുഎസ് നിരീക്ഷിച്ചു വരികയാണ്.പാനമ കനാൽ ഒരു തന്ത്രപ്രധാനമായ ജലപാതയാണ്, ഇത് ലോക വ്യാപാരത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ കനാലിന്റെ കാര്യത്തിൽ ചൈനയുടെ താൽപ്പര്യം വർധിക്കുന്നത് യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്.