
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധ ഭീകരരുടെ തലയ്ക്ക് വിലയിട്ട നടപടികൾ റദ്ദാക്കി യുഎസ്. അമേരിക്കൻ, ഇന്ത്യൻ എംബസികളിൽ ആക്രമണം നടത്തിയ ഹഖാനി നേതാക്കളെപ്പറ്റി വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികമടക്കമാണ് പിൻവലിച്ചിട്ടുള്ളത്. താലിബാനുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് അഫ്ഗാൻ മന്ത്രി സിറാജുദ്ദീൻ ഹഖാനി അടക്കമുള്ളവർക്ക് എതിരായ നോട്ടീസ് പിൻവലിക്കാൻ യുഎസ് തീരുമാനിച്ചത്. സിറാജുദ്ദീൻ ഹഖാനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളര്‍ പാരിതോഷിതമാണ് യുഎസ് പ്രഖ്യാപിച്ചിരുന്നത്.
അമേരിക്കൻ, ഇന്ത്യൻ എംബസികൾക്കും നാറ്റോ സേനകൾക്കും നേരെ ആക്രമണം നടത്തിയ ഹഖാനി തീവ്രവാദ സംഘടനാ നേതാക്കളെപ്പറ്റി വിവരം നൽകിയാല്‍ വൻ റിവാര്‍ഡാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. താലിബാൻ 2022 ൽ തടവിലാക്കിയ അമേരിക്കൻ ടൂറിസ്റ്റിന്‍റെ മോചനം ഉറപ്പാക്കുന്നതിന് കാബൂളിൽ താലിബാൻ സർക്കാരുമായി യുഎസ് പ്രതിനിധി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാൻ ഭീകരരുടെ തലയ്ക്ക് പ്രഖ്യാപിച്ച പാരിതോഷികം പിൻവലിക്കാൻ യുഎസ് തീരുമാനിച്ചത്.
അഫ്ഗാൻ മന്ത്രി സിറാജുദ്ദീൻ ഹഖാനി, സഹോദരൻ അബ്ദുൾ അസീസ് ഹഖാനി, ഭാര്യാസഹോദരൻ യഹ്യ ഹഖാനി എന്നിവരടക്കമുള്ള ഭീകരർക്ക് തലയ്ക്ക് വിലയിട്ടിരുന്ന നടപടി പിൻവലിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. സിറാജുദ്ദീൻ ഹഖാനിക്ക് പാരിതോഷികം പ്രഖ്യാപിച്ചത് എഫ്ബിഐ വെബ്‌പേജിൽ നിന്നും നീക്കിയിട്ടുണ്ട്.