ഡല്‍ഹി: ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെത്തി. യു എസില്‍ നിന്നും 104 ഇന്ത്യക്കാരാണ് സൈന്യത്തിന്റെ സി27 വിമാനത്തില്‍ ആദ്യം തിരിച്ചെത്തിയത്. വിമാനത്തില്‍ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് അടക്കമുള്ളവർ ഇവരെ സ്വീകരിച്ചു.
ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം ‘സി 17’ സാന്റിയാഗോയിൽനിന്ന് ഇന്നലെ പുലർച്ചെ മൂന്നിനാണ് പുറപ്പെട്ടത്. വിമാനത്തിലുള്ളവർ ഏതൊക്കെ സംസ്ഥാനക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഈമാസം 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി യു എസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്ത്യക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സൈനിക വിമാനത്തിൽ ഇത്രയധികം യാത്രക്കാരെ 25 മണിക്കൂറിലധികം നേരെം കൂട്ടിലടച്ചപോലെ കൊണ്ടുവരുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമർശനമുയർന്നിരുന്നു.
അമേരിക്കയിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ 30 പേർ പഞ്ചാബിൽ നിന്നുള്ളവരും 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള രണ്ടുപേരുമാണ് എന്നാണ് വിവരം. ഇന്ത്യയിലെത്തിച്ചവരെ പ്രാഥമിക ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷം പഞ്ചാബിലെയും ഹരിയാനയിലെയും താമസ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്.