
ന്യൂഡല്‍ഹി: വാഹനാപകടത്തെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ കോമയിലായിരുന്ന നീലം ഷിന്‍ഡെയുടെ പിതാവിന് അടിയന്തര വിസയ്ക്കായി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അമേരിക്ക ഒരു അഭിമുഖം അനുവദിച്ചു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 35 കാരിയായ നീലം ഷിന്‍ഡെ ഫെബ്രുവരി 14 നാണ് അപകടത്തിനിരയായത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അമേരിക്ക ഡിവിഷന്‍ യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള യാത്രാ പെര്‍മിറ്റുകള്‍ സാധാരണയായി വേഗത്തില്‍ നല്‍കാറുണ്ടെന്നും ഈ സംഭവത്തില്‍ കാലതാമസത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ അവരുടെ കുടുംബാംഗങ്ങള്‍ അവരെ കാണാന്‍ വീസ ലഭിക്കാന്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. അപകടമുണ്ടായത് ഫെബ്രുവരി 14നായിരുന്നുവെങ്കിലും ഫെബ്രുവരി 16 നാണ് കുടുംബം ഇതേക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് വീസയ്ക്കായി ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ നീലം ഷിന്‍ഡെയുടെ കൈകാലുകള്‍ ഒടിയുകയും തലയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 16 ന് റൂംമേറ്റുകളാണ് വിവരം ഞങ്ങളെ അറിയിച്ചത്. അവര്‍ക്ക് വലിയൊരു അപകടം സംഭവിച്ചതായി അവര്‍ ഞങ്ങളോട് പറഞ്ഞു,’ നീലത്തിന്റെ അമ്മാവന്‍ സഞ്ജയ് കദം പറഞ്ഞു.
‘അവളുടെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ ഞങ്ങളുടെ അനുമതി വാങ്ങി. അവള്‍ ഇപ്പോള്‍ കോമയിലാണ്, ഞങ്ങള്‍ അവിടെ എത്തേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രി അവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും നല്‍കുന്നുണ്ട്. വിസയ്ക്കുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ അടുത്ത സ്ലോട്ട് അടുത്ത വര്‍ഷം മാത്രമേ ലഭിക്കൂ എന്നാണ് കുടുംബത്തിന് മറുപടി ലഭിച്ചത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ ഇപ്പോള്‍ കാര്യങ്ങള്‍ വേഗത്തിലായി. സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ നീലം ഷിന്‍ഡെ നാല് വര്‍ഷമായി യുഎസിലാണ്.