
ന്യൂഡല്‍ഹി : യുഎസില്‍വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് കോമയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നീലം ഷിന്‍ഡെയുടെ കുടുംബത്തിന് യുഎസ് എംബസി അടിയന്തര വീസ അനുവദിച്ചു. മകളെ കാണാനും പരിചരിക്കാനും യുഎസിലേക്ക് പോകണമെന്ന കുടുംബത്തിന്റെ ദിവസങ്ങള്‍ നീണ്ട അഭ്യര്‍ഥനകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് യുഎസ് അനുകൂല നിലപാട് എടുത്തത്.
ഫെബ്രുവരി 14 ന് കാലിഫോര്‍ണിയയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് 35 കാരിയായ നീലം ഷിന്‍ഡെ ഗുരുതരാവസ്ഥയിലാണ്. മഹാരാഷ്ട്രയിലെ സതാരയിലുള്ള അവരുടെ കുടുംബം അന്നുമുതല്‍ വിസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍, ബന്ധു, അമ്മാവന്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബം വൈകാതെ യുഎസിലേക്ക് പോകും.
‘വിസ അഭിമുഖ പ്രക്രിയ വളരെ സുഗമമായിരുന്നു. വീസയുടെ അച്ചടിച്ച പകര്‍പ്പ് പോലും ഞങ്ങള്‍ക്ക് ലഭിച്ചു. അടുത്ത വിമാനത്തില്‍ ഞങ്ങള്‍ യുഎസിലേക്ക് പോകും. ഇതിനായി സഹകരിച്ച ഏക്നാഥ് ഷിന്‍ഡെ, സുപ്രിയ സുലെ എന്നിവരോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്,’ നീലത്തിന്റെ ബന്ധു ഗൗരവ് പറഞ്ഞു.
അതേസമയം, യുഎസിലേക്ക് പോകാന്‍ 6 ലക്ഷം രൂപയോളം വായ്പയെടുക്കണമെന്നും, സാമ്പത്തികമായി സര്‍ക്കാര്‍ ഞങ്ങളെ സഹായിച്ചാല്‍ അത് വളരെ സഹായകമാകുമെന്നും ഗൗരവ് പറഞ്ഞു. നീലത്തിന്റെ ആശുപത്രി ചിലവുകളെക്കുറിച്ച് തങ്ങള്‍ക്ക് ഇതുവരെ വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ നീലം ഷിന്‍ഡെയെ കാറിടിച്ചാണ് അപകടമുണ്ടായത്. രണ്ട് കൈകളിലും രണ്ട് കാലുകളിലും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര തലച്ചോറ് ശസ്ത്രക്രിയയും ആവശ്യമായി വന്നു. തുടര്‍ന്ന് യുവതി കോമയിലാണ്. അപകടം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് മകളെ കാണാന്‍ യുഎസ് വീസയ്ക്ക് അപേക്ഷിച്ചത്. വീസ അഭിമുഖത്തിനായി അടുത്ത വര്‍ഷത്തേക്കായിരുന്നു അനുമതി നല്‍കിയത്. തുടര്‍ന്ന് കുടുംബം മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും ഇതേക്കുറിച്ച് സങ്കടം പങ്കുവെച്ചു. എന്‍സിപി നേതാവ് സുപ്രിയ സുലെ സംഭവം ഗൗരവമായി എടുത്തു, തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഇടപെട്ടു. ഇതോടെയാണ് കുടുംബത്തിന് യുഎസ് വീസ അഭിമുഖം വേഗത്തിലായത്.