
വാഷിംഗ്ടണ്‍ : ഗാസയിലെ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഗാസയില്‍ തടവിലാക്കപ്പെട്ട യുഎസ് ബന്ദികളെ മോചിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഭരണകൂടം ഹമാസുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ 1997 ല്‍ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനാല്‍, യുഎസ് നേരിട്ട് ഹമാസുമായി സംസാരിച്ചിട്ടില്ലെന്നും വിവരമുണ്ട്.
ദോഹയില്‍ ഹമാസുമായി ബന്ദികാര്യങ്ങള്‍ക്കായുള്ള യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി ആദം ബോഹ്ലര്‍ കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ അമേരിക്കന്‍ ബന്ദികളെക്കുറിച്ചായിരുന്നു, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സമാധാന ഉടമ്പടിയിലെത്തുന്നതിനായി ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ പറയുന്നു. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു കരാറിലും എത്തിയിട്ടില്ല.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഖത്തര്‍ പ്രധാനമന്ത്രിയെ കാണാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍, ഹമാസ് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അദ്ദേഹം യാത്ര റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനും ഗാസയെ ഏറ്റെടുക്കാനുമുള്ള പദ്ധതികള്‍ ട്രംപ് തയ്യാറാക്കുന്നുണ്ട്. ഹമാസിനെ നരകം കാണിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.നിലവില്‍, ഗാസയില്‍ 59 ബന്ദികളെ ഹമാസ് തടവിലാക്കിയിട്ടുണ്ട്. ഇതില്‍ 35 പേര്‍ മരിച്ചതായാണ് ഇസ്രായേല്‍ പ്രതിരോധ സേന പറയുന്നത്. ശേഷിക്കുന്നവരില്‍ 5 പേര്‍ അമേരിക്കന്‍ ബന്ദികളാണ്. ഇവര്‍ക്കുവേണ്ടിയാണ് രഹസ്യ ചര്‍ച്ചകള്‍.
ഗാസ ബന്ദി കരാറിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് അവസാനിച്ചത്. യുദ്ധം പുനരാരംഭിച്ചിട്ടില്ലെങ്കിലും, ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.