ഇന്ത്യൻ വിദേശ പൗരത്വം റദ്ദാക്കി; കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യുഎസ് മാധ്യമപ്രവര്‍ത്തകൻ

ഡൽഹി: ഇന്ത്യൻ വിദേശ പൗരത്വം കേന്ദ്ര സർക്കാര്‍ റദ്ദാക്കിയതിൽ കോടതിയെ സമീപിച്ച് യുഎസ് മാധ്യമപ്രവർത്തകൻ. പ്രമുഖ ഇന്ത്യൻ വ്യവസായിയെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റോയിട്ടേഴ്സിലെ റാഫേൽ സാറ്റററിന്റെ പൗരത്വം കേന്ദ്രം റദ്ദാക്കിയത്. യുഎസിൽ റോയിട്ടേഴ്സിന് വേണ്ടി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനാണ് റാഫേല്‍. ഇന്ത്യക്ക് കളങ്കം സൃഷ്ടിക്കുന്ന പ്രവൃത്തി ചെയ്തുവെന്ന് കാണിച്ച് 2023 ഡിസംബറിലാണ് ആഭ്യന്തര മന്ത്രാലയം റാഫേലിന് കത്ത് അയക്കുന്നത്. കൂടാതെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയതായും ഇതിൽ അറിയിപ്പുണ്ടായിരുന്നു.

ഇന്ത്യൻ വംശജരായ വിദേശ പൗരർ, ഇന്ത്യൻ പൗരൻമാരെ വിവാഹം കഴിച്ചവർ എന്നിവർക്കാണ് ഒസിഐ കാർഡ് ലഭിക്കുക. ഇവർക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ വരാനും താമസിക്കാനും ജോലി ചെയ്യാനും അനുമതിയുണ്ട്. കല്യാണം വഴിയാണ് റാഫേലിന് ഇന്ത്യൻ വിദേശ പൗരത്വം ലഭിക്കുന്നത്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ‘ആപ്പിൻ’, സഹസ്ഥാപകൻ രജത് ഖാരെ എന്നിവരുമായി ബന്ധപ്പെട്ട ലേഖനം റാഫേൽ പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന് പിന്നാലെ രജത് ഖാരെ മാനനാഷ്ട കേസ് നൽകുകയും ചെയ്തു. തുടര്‍ന്നാണ് റാഫേലിന്റെ പൗരത്വം റദ്ദാക്കുന്നത്. ‘ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് എങ്ങനെയാണ് ലോകത്തെ ഹാക്ക് ചെയ്യുന്നത്’ എന്ന തലക്കെട്ടി​ലാണ് റാഫേലിന്‍റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ​എക്സിക്യൂട്ടീവുകൾ, രാഷ്ട്രീയക്കാർ, സൈനിക ഉദ്യോഗസ്ഥർ, ലോക കോടീശ്വ​രൻമാർ എന്നിവരുടെ വിവരങ്ങൾ കമ്പനി ചോർത്തുകയാണ് എന്നുള്ള ഗുരുതര ആരോപണമാണ് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാൽ, ഈ ആരോപണം രജത് ഖാരെ തള്ളിയിരുന്നു.

More Stories from this section

family-dental
witywide