
വാഷിംഗ്ടൺ: അബദ്ധത്തിൽ യുഎസ് പൗരനെ നാടുകടത്തിയ സംഭവത്തിൽ ട്രംപ് ഭരണകൂടത്തെ നിർത്തിപ്പൊരിച്ച് യുഎസ് ജഡ്ജി. തെറ്റായി എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട കിൽമാർ അബ്രെഗോ ഗാർസിയയെ തിരികെ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം എന്തെങ്കിലും ശ്രമം നടത്തിയതിന് തെളിവുകളൊന്നുമില്ലെന്ന് യുഎസ് ജഡ്ജി ചൊവ്വാഴ്ച പറഞ്ഞു. എന്നാലും, സർക്കാരിനെ ഇതുവരെ ശിക്ഷിച്ചിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.
മേരിലാൻഡിലെ ഗ്രീൻബെൽറ്റിൽ നടന്ന വാദത്തിനിടെ, ട്രംപ് ഭരണകൂടത്തിൽ നിന്ന് കേസിൽ ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോള സിനിസ് പറഞ്ഞു. കളികളോ പൊങ്ങച്ചമോ അനുവദിക്കില്ല എന്നാണ് വാദത്തിനിടെ ജഡ്ജി സിനിസ് വ്യക്തമാക്കിയത്. ഇതുവരെ, രേഖകൾ കാണിക്കുന്നത് ഒന്നും ചെയ്തിട്ടില്ല എന്നാണ് എന്നും പോള സിനിസ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 23-നകം രേഖകൾ സമർപ്പിക്കാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും സിനിസ് ട്രംപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. അബ്രെഗോ ഗാർസിയയെ യുഎസിലേക്ക് തിരികെ കൊണ്ടുവരാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കൃത്യമായി അറിയിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. അതേസമയം, യുഎസ് അബദ്ധത്തിൽ നാടുകടത്തിയ സ്വന്തം പൗരനെ വീണ്ടും അമേരിക്കയിലേക്ക് അയക്കേണ്ടെന്ന നിലപാടാണ് എൽസാൽവദോർ പ്രസിഡൻറ് നായിബ് ബുകേലെയ്ക്കുള്ളത്. കഴിഞ്ഞ മാസമാണ് അമേരിക്കയിലെ ഗെറിലാൻഡ് സ്വദേശിയായ കിൽമാർ അബ്റിഗോ ഗാർഷ്യ എന്നയാളെ എൽസാൽവദോറിലേക്ക് യുഎസ് അധികൃതർ നാടുകടത്തിയത്. കഴിഞ്ഞമാസം അമേരിക്ക വെനസ്വേലയിൽ നിന്നടക്കമുള്ള 200ഓളം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചിരുന്നു. ആ കൂട്ടത്തിലാണ് കിൽമാറും ഉൾപ്പെട്ടത്.