വാഷിംഗ്ടണ്‍: ഫെഡറല്‍ വായ്പകള്‍, ഗ്രാന്റുകള്‍, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ മരവിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിക്ക് താത്ക്കാലിക നിരോധനം നീട്ടി യുഎസ് ജഡ്ജി. ഒരു കൂട്ടം അഭിഭാഷക സംഘടനകളുടെ നിയമപരമായ വെല്ലുവിളിയെത്തുടര്‍ന്നാണ് നീക്കം. ഫണ്ടിംഗ് മരവിപ്പിച്ചാല്‍, പൊതുതാല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് അത് ‘ദുരന്തം’ ആയിരിക്കുമെന്നാണ് യുഎസ് ജില്ലാ ജഡ്ജി ലോറന്‍ അലിഖാന്‍ പറഞ്ഞത്.
കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, വൈവിധ്യം, മറ്റ് വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പാലിക്കുന്നതിനായി ഫണ്ടിംഗ് താല്‍ക്കാലികമായി നിര്‍ത്താന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വൈറ്റ് ഹൗസ് ബജറ്റ് ഓഫീസില്‍ നിന്നുള്ള ഒരു മെമ്മോ വ്യാപകമായ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഈ ഉത്തരവിന് താത്ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു. ഈ സ്റ്റേ ഫെബ്രുവരി മൂന്നിന് അവസാനിക്കാനിരിക്കെയാണ് നിരോധനം വീണ്ടും നീട്ടിയത്.