
വാഷിംഗ്ടണ്‍ : ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ചിലവുചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിട്ട ആയിരക്കണക്കിന് പ്രൊബേഷണറി തൊഴിലാളികളെ വീണ്ടും നിയമിക്കാന്‍ ആറ് ഫെഡറല്‍ ഏജന്‍സികളോട് ഒരു യുഎസ് ജഡ്ജി വ്യാഴാഴ്ച ഉത്തരവിട്ടു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ഇതിനെ ന്യായീകരിക്കാന്‍ മോശമായ പ്രകടനമാണ് കാരണമെന്ന് പറയുകയും ചെയ്യുന്നത് ‘നിയമപരമായ ആനുകൂല്യങ്ങള്‍ ഒഴിവാക്കാനുള്ള ഒരു തട്ടിപ്പാണെന്നും ജഡ്ജി വില്യം അല്‍സപ്പ് പറഞ്ഞു. ജീവനക്കാരുടെ യൂണിയനുകള്‍ കൊണ്ടുവന്ന ഒരു കേസിലാണ് ഈ വിധിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനുചിതമായി പിരിച്ചുവിട്ടവരെ പുനഃസ്ഥാപിക്കാന്‍ ട്രഷറി, വെറ്ററന്‍സ് അഫയേഴ്സ്, കൃഷി, പ്രതിരോധം, ഊര്‍ജ്ജം, ഇന്റീരിയര്‍ എന്നീ വകുപ്പുകളോടാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി അല്‍സപ്പ് ഉത്തരവിട്ടിരിക്കുന്നത്.
ജനുവരിയില്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം, ട്രംപ് യുഎസ് സര്‍ക്കാരില്‍ വെട്ടിനിരത്തലുകള്‍ നടത്തുകയാണ്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി) ആണ് ഇക്കാര്യത്തില്‍ ട്രംപിനെ സഹായിക്കുന്നത്. ട്രംപിന്റെ നടപടികള്‍ക്ക് നേരത്തെയും കോടതികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവ തടയാന്‍ ഉദ്ദേശിച്ചുകൊണ്ട് നിരവധി ജഡ്ജിമാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു.