
വാഷിംഗ്ടണ്‍: യുഎസില്‍ അഞ്ചാം പനി കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ യാത്രാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. മാർച്ച് 27 വരെയുള്ള കണക്കനുസരിച്ച് യുഎസിൽ 483 അഞ്ചാം പനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025ൽ മാത്രം, സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മൂന്ന് പ്രധാന പൊട്ടിപ്പുറപ്പെടലുകൾ സ്ഥിരീകരിച്ചു.
യുസിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് വാക്സിനേഷനുകൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ യാത്രക്കാരോട് ഡബ്ല്യുഎച്ച്ഒ അഭ്യർത്ഥിച്ചു. യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ഉൾപ്പെടെ പുറപ്പെടുന്നതിന് മുമ്പ് മീസിൽസിനെതിരായ വാക്സിനേഷൻ നില പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് ലോകാരോഗ്യ സംഘടന നിര്‍ദേശം നൽകിയത്.
അഞ്ചാം പനി ഗുരുതരമായ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രദേശങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുക്കാത്ത വ്യക്തികൾ അന്താരാഷ്ട്ര യാത്ര നടത്തുന്നതിന് മുമ്പ് പ്രാദേശിക ആരോഗ്യ അതോറിറ്റികളെ ബന്ധപ്പെടണം. നിലവിൽ, അന്താരാഷ്ട്ര ഗതാഗതത്തെ കാര്യമായി തടസ്സപ്പെടുത്തുന്ന അധിക നടപടികളൊന്നും ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.