ന്യൂഡല്‍ഹി: യുഎസില്‍ നിന്നും ഇന്ത്യന്‍ കുടിയേറ്റക്കാരെയും നാടുകടത്താന്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ട് ഇന്ത്യയിലേക്ക് ഒരു യുഎസ് സൈനിക വിമാനം പുറപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സി-17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും 24 മണിക്കൂറിലധികം എടുത്താകും ഇന്ത്യയിലെത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയാണ്. യുഎസില്‍ നിയമവിരുദ്ധമായി കഴിയുന്ന ഏകദേശം 18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയും യുഎസും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് നല്‍കുന്ന വിദഗ്ധ തൊഴിലാളികള്‍ക്കുള്ള എച്ച്-1ബി വിസകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
അമേരിക്കയില്‍ നിന്ന് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ‘ശരിയായത് ചെയ്യും’ എന്ന് നരേന്ദ്ര മോദിയുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തിന് ശേഷം യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് നാടുകടത്തല്‍ നീക്കം.
ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ കര്‍ശന നിലപാട് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് യുഎസ് ഉദ്യോഗസ്ഥര്‍.
ടെക്‌സസിലെ എല്‍ പാസോയില്‍ നിന്നും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നിന്നും 5,000-ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് സൂചന. ഇതുവരെ, സൈനിക വിമാനങ്ങള്‍ ഗ്വാട്ടിമാല, ഹോണ്ടുറാസ്, പെറു എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരികെ എത്തിച്ചിട്ടുണ്ട്. ആറ് വിമാനങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലേക്ക് കുടിയേറ്റക്കാരെ അയച്ചിട്ടുണ്ട്. കൊളംബിയ രണ്ട് യുഎസ് സി-17 കാര്‍ഗോ വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കാന്‍ വിസമ്മതിക്കുകയും പകരം ട്രംപുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് കുടിയേറ്റക്കാരെ എത്തിക്കാന്‍ സ്വന്തം വിമാനങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു.
‘ചരിത്രത്തില്‍ ആദ്യമായി, ഞങ്ങള്‍ അനധികൃത വിദേശികളെ കണ്ടെത്തി സൈനിക വിമാനങ്ങളില്‍ കയറ്റുകയും അവര്‍ വന്ന സ്ഥലങ്ങളിലേക്ക് തിരികെ പറത്തുകയും ചെയ്യുന്നു,’ എന്നാണ് ട്രംപ് കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.