യുഎസ് വിപണിയുടെ തകർച്ചയുടെ ചിത്രങ്ങളുമായി ചൈന; ‘തീരുവ ആയുധമാക്കുന്നത് യുഎസ് അവസാനിപ്പിക്കണം’

ബെയ്ജിം​ഗ്: തീരുവ ആയുധമാക്കുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് ചൈന. ചൈനീസ് വാർത്ത ഏജൻസിയാണ് ഇക്കാര്യത്തിലെ സർക്കാരിന്റെ നിലപാട് അറിയിച്ചത്. തീരുവയെ ചൈനീസ് സമ്പദ്‍വ്യവസ്ഥയേയും വ്യാപാരത്തേയും തകർക്കാനുള്ള ആയുധമാക്കി ഉപയോഗിക്കരുതെന്നും ചൈന യുഎസിനോടും ട്രംപിനോടും. കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗുവോ ജിയാക്കുൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. തീരുവയുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിപണി സംസാരിക്കുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്. യുഎസ് വിപണിയുടെ തകർച്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഏപ്രിൽ 10 മുതൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34 ശതമാനം തീരുവ ചുമത്താൻ ചൈന തീരുമാനിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ തീരുവകൾക്ക് മറുപടിയായാണ് ഈ നടപടി എന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. “അമേരിക്ക ഏകപക്ഷീയമായ തീരുവ നടപടികൾ ഉടനടി റദ്ദാക്കണമെന്നും തുല്യവും, ബഹുമാനപൂർണ്ണവും, പരസ്പര ഗുണകരവുമായ ചർച്ചകളിലൂടെ വ്യാപാരപരമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ചൈന അഭ്യർത്ഥിക്കുന്നു,” എന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം അധിക പ്രതികാര തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ചൈനയുടെ താൽപ്പര്യങ്ങളെ “ഗുരുതരമായി” ബാധിക്കുമെന്നും, അതുപോലെ “ആഗോള സാമ്പത്തിക വികസനത്തെയും ഉൽപ്പാദന വിതരണ ശൃംഖലയുടെ സ്ഥിരതയെയും” അപകടത്തിലാക്കുമെന്നും മന്ത്രാലയം വിമർശിച്ചു. ഈ പുതിയ തീരുവകളോടെ, ചൈനയ്ക്കെതിരായ മൊത്തം യുഎസ് തീരുവ 54 ശതമാനം ആയി ഉയരും.

More Stories from this section

family-dental
witywide