
ന്യൂഡല്‍ഹി: യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉന്നതതല സുരക്ഷാ, രഹസ്യാന്വേഷണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് തുള്‍സി എത്തിയത്.
വിദേശകാര്യമന്ത്രാലയവും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി മാര്‍ച്ച് 17 മുതല്‍ 19 വരെ ന്യൂഡല്‍ഹിയില്‍ നടത്തുന്ന റെയ്സിന ഡയലോഗിലാണ് തുള്‍സി പങ്കെടുക്കുക. പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും രഹസ്യാന്വേഷണ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.
ഡോണാള്‍ഡ് ട്രംപ് ഭരണത്തില്‍ തിരിച്ചെത്തിയതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉന്നതതല ട്രംപ് ഭരണകൂട ഉദ്യോഗസ്ഥയാണ് തുള്‍സി ഗബ്ബാര്‍ഡ്. ഇവര്‍ പ്രധാനമന്ത്രി മോദി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശന വേളയില്‍ മോദി തുള്‍സിയെ കണ്ടിരുന്നു. അടുത്ത മാസം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.