
ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലസ്തീൻകാരെ പുനരധിവസിപ്പിക്കാൻ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് നിർദേശം തള്ളിയതായി സുഡാൻ, സൊമാലിലാൻഡ് അധികൃതർ വ്യക്തമാക്കിയെന്നും അസോഷ്യേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. പലസ്തീൻകാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസ കേന്ദ്രമാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി.
ചർച്ച നടന്നതായി സൊമാലിയ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടിനോട് ഇസ്രയേലും യുഎസും പ്രതികരിച്ചിട്ടില്ല. സൊമാലിയയിൽനിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാൻഡ്. ദീർഘകാലമായ ആഭ്യന്തരയുദ്ധത്തിൽ തകർന്നുതരിപ്പണമായ സുഡാനിൽ ആഭ്യന്തര അഭയാർഥികൾ 1.2 കോടിയോളം വരും.
ഈ മാസമാദ്യം നടന്ന അറബ് ഉച്ചകോടി, പലസ്തീൻകാരെ കുടിയൊഴിപ്പിക്കാതെയുള്ള ഗാസ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. യുഎസ് ബന്ദിയെ ഹമാസ് വിട്ടയയ്ക്കും അതേസമയം, ഗാസയിൽ ജീവനോടെ ശേഷിക്കുന്ന ഏക അമേരിക്കൻ ബന്ദിയായ ഈഡൻ അലക്സാണ്ടറെ (21) വിട്ടയയ്ക്കാമെന്നു ഹമാസ് സമ്മതിച്ചു. 4 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും.
യുഎസ് പ്രതിനിധി ആദം ബോലറുമായി ഹമാസ് നേതാക്കൾ നടത്തിയ ചർച്ചയിലാണു തീരുമാനം. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച ആരംഭിക്കുന്നതിനു മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശ്രമം തുടരുകയാണ്.
മാർച്ച് 2 മുതൽ ഗാസയിലേക്കുള്ള സഹായവിതരണം തടഞ്ഞ ഇസ്രയേൽ നടപടി പിൻവലിപ്പിക്കാനും രാജ്യാന്തര സമ്മർദം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു.
US plan to resettle Palestinians to Somalia talks reportedly progressing