
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ യുഎസും അയൽരാജ്യമായ കാനഡയുമായുള്ള തീരുവ യുദ്ധം കടുക്കുകയാണ്. പരസ്പരം പോരടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കനേഡിയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഫോണിൽ സംസാരിച്ചുെവന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. 50 മിനിറ്റോളം നീണ്ട ഈ ഫോൺ സംഭാഷണത്തിൽ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷങ്ങളിൽ ചൂടേറിയ ചർച്ചകൾ നടന്നുവെന്നാണ് വിവരങ്ങൾ.
ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയം ഫെന്റനിൽ കള്ളക്കടത്തായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അമേരിക്കയിലെ ആയിരകണക്കിന് ആളുകളുടെ ജീവനെടുത്തതിന് പ്രധാന കാരണം ഫെന്റനിൽ എന്ന മയക്കുമരുന്ന് ആണെന്നും അത് അമേരിക്കയിൽ എത്തുന്നത് കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്നും ട്രംപ് യുഎസ്. കോൺഗ്രസിൽ ഉൾപ്പെടെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ജസ്റ്റിൻ ട്രൂഡോയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നത്.
കാനഡയിലെ തിരഞ്ഞെടുപ്പും ഇരുവരും ചർച്ച ചെയ്തുവെന്നും വിവരങ്ങളുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തീരുവ തർക്കങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിലും ചർച്ചകൾ നടക്കുമെന്നാണ് വിലയിരുത്തൽ. ട്രംപ് – ട്രൂഡോ സംഭാഷണത്തിന് പുറമെ, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുഡ്‌നി, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയവരും ട്രൂഡോയുമായി സംസാരിച്ചതായാണ് വിവരം.