വാഷിംഗ്ടണ്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയില്‍ കണ്ണുവെച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള തന്റെ വാഗ്ദാനം വീണ്ടും പുറത്തെടുത്തിരിക്കുകയാണ് ട്രംപ്.
2017-2021 കാലയളവിലെ തന്റെ ആദ്യ ടേമില്‍ പോലും ട്രൂഡോയുമായി നല്ല ബന്ധം പുലര്‍ത്താത്ത 78 കാരനായ ട്രംപ്, നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാര്‍-എ-ലാഗോയില്‍ ട്രൂഡോയെ കണ്ടത് മുതല്‍ കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നുണ്ട്. പിന്നീട് പലതവണ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇക്കാര്യം ട്രംപ് സൂചിപ്പിച്ചിരുന്നു.
‘കാനഡയിലെ പലര്‍ക്കും അവര്‍ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനം ആകുന്നത് ഇഷ്ടമാണ്. കാനഡയെ നിലനിര്‍ത്തി പോകാന്‍ വേണ്ടി കൊടുക്കേണ്ടി വരുന്ന വന്‍ വ്യാപാര കമ്മികളും സബ്സിഡികളും കൊണ്ടുള്ള സമ്മര്‍ദ്ദം അമേരിക്കയ്ക്ക് ഇനിയും സഹിക്കാന്‍ കഴിയില്ല. ജസ്റ്റിന്‍ ട്രൂഡോക്ക് ഇത് അറിയാമായിരുന്നു. അതുകൊണ്ടാണ് അയാള്‍ രാജിവച്ചത് ,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കയതിങ്ങനെ.
‘കാനഡ യുഎസുമായി ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ കുറയും, കൂടാതെ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ച്, അത് എത്ര മഹത്തായ രാഷ്ട്രമായിരിക്കും!” – ട്രംപ് കൂട്ടിച്ചേര്‍ത്തു.
53 കാരനായ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.