കാലിഫോർണിയയിലെ കാട്ടുതീയിൽ അമേരിക്കക്ക്‌ വലിയ നഷ്ടം, മാർപാപ്പയെ കാണാനുള്ള സന്ദർശനം റദ്ദാക്കി ബൈഡൻ, മഹാദുരന്തമായി പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ കാട്ടുതീയുടെ പശ്ചാത്തലത്തിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയെ അടക്കം കാണാനുള്ള ഇറ്റലിയിലേക്കുള്ള സന്ദർശനം റദ്ദാക്കി. വൈകുന്നേരം ഉന്നത യോഗം ചേർന്ന ബൈഡൻ, ലോസ് ഏഞ്ചൽസിലെ കാട്ടുതീ രാജ്യത്തെ മഹാ ദുരന്തങ്ങളിലൊന്നായി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ്, അഗ്നിശമനസേന തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ക്യാബിനറ്റ് അംഗങ്ങളുമായി ചേർന്ന് നടത്തി ഉന്നത യോഗത്തിന് ശേഷം, ചരിത്രം കണ്ട വലിയ ദുരന്തങ്ങളിലൊന്നായാണ് കാലിഫോർണിയയിലെ കാട്ടുതീ എന്ന് പ്രഖ്യാപിച്ചത്.

അതേസമയം കാട്ടുതീ അമേരിക്കയിൽ വിതച്ചത് വലിയ നാശമാണ്. കാലിഫോർണിയയിലെ ആറിടത്താണ് കാട്ടുതീ പടർന്ന് പിടിച്ചത്. സാന്‍റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസ് തീപ്പിടുത്തം. 15,832 ഏക്കറോളമാണ് ഇവിടെ മാത്രം തീ വിഴുങ്ങിയത്. ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലാണ് തീപ്പിടുത്തമുണ്ടായത്. മേഖലയിൽ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. അഞ്ച് പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്ടം അമ്പത് ബില്യൺ ഡോളറിലധികമെന്നാണ് അനുമാനം.

സാൻ ഫെർണാഡോയുടെ വടക്ക് ഹർസ്റ്റ് മേഖലയിലും വലിയ തീപ്പിടുത്തമാണ് ഉണ്ടായത്. 850 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. വുഡ്ലി പാർക്കിനോട് ചേർന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്.വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപ്പിടുത്തമാണ് അഞ്ചാമത്തേത്. ആക്ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും തീപ്പിടുത്തം ഉണ്ടായി. ഹോളിവുഡ് ഹിൽസിൽ പൊട്ടിപ്പുറപ്പെട്ട സൺസറ്റ് തീപ്പിടുത്തമാണ് എറ്റവും ഒടുവിലത്തേത്. സെലിബ്രറ്റികളുടെ അടക്കം വാസസ്ഥലങ്ങൾ ഇവിടെ അപകട മേഖലയിലാണ് . ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാൻ്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിലെ ശക്തി. തീ അണയ്ക്കാൻ കൂടുതൽ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചൽസിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.

More Stories from this section

family-dental
witywide