ജറുസലേം: ഗാസ വെടിനിർത്തലിനായുള്ള ഇസ്രയേൽ – ഹമാസ് കരാറിൽ കല്ലുകടിയായി മാറിയ അർബെൽ യെഹൂദിയുടെ മോചനക്കാര്യത്തിൽ ഇടപെട്ട് അമേരിക്കയും രംഗത്ത്. അർബെൽ യെഹൂദിയെ ഇത്രയും ദിവസമായിട്ടും മോചിപ്പിക്കാത്ത ഹമാസിന്‍റെ നടപടി കരാർ ലംഘനമാണെന്ന ഇസ്രയേലിന്‍റെ അഭിപ്രായം ശരിവയ്ക്കുന്നതാണ് അമേരിക്കയുടെ പ്രതികരണം. ഇസ്രയേലിന്‍റെ ആവശ്യം തികച്ചും ന്യായമാണെന്നും അർബെൽ യെഹൂദിയെ എത്രയും വേഗം ഹമാസ് വിട്ടയക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കരാറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ യെഹൂദിയെ മോചിപ്പിക്കണമായിരുന്നുവെന്നും ഇത്രയും വൈകിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അമേരിക്ക ചൂണ്ടികാട്ടി. എത്രയും വേഗത്തിൽ യെഹൂദിയെ മോചിപ്പിക്കാൻ ഹമാസ് തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയനാണ് അർബെൽ യെഹൂദി. ഇന്നലെ ഹമാസ് നാലു വനിതാ സൈനികരായ ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ് ഉണ്ടായിരുന്നില്ല. ഇതോടെ വീണ്ടും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേൽ. അർബെൽ യഹൂദിനെ മോചിപ്പിക്കാതെ പലസ്തീനികളെ മടങ്ങാൻ അനുവദിക്കില്ല എന്നാണ് ഇസ്രയേൽ പറയുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍ബെല്‍ യെഹൂദിയെ കൂടി മോചിപ്പിക്കാതെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീനികൾ ഗാസ മുനമ്പിന്‍റെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേൽ സൈന്യം അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്.
അതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും നെതന്യാഹുവും ഇസ്രയേലും അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയയാണെന്നുമാണ് ഹമാസ് പറയുന്നത്. അർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
ആരാണ് അർബെൽ യെഹൂദ്?
ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദ്. 2023 ഒക്‌ടോബർ 7 ന് നടന്ന ആക്രമണത്തിനിടെ കിബ്ബട്ട്സ് നിർ ഓസിൽ നിന്നാണ് അർബെൽ യെഹൂദിനെ തട്ടിക്കൊണ്ടുപോയിത്. അന്നത്തെ ആക്രമണത്തിൽ അർബെൽ യെഹൂദിയുടെ സഹോദരൻ ഡോലെവ് കൊല്ലപ്പെട്ടിരുന്നു. അർബെൽ യെഹൂദിയുടെ പങ്കാളിയെയും മറ്റ് നിരവധി ബന്ധുക്കളെയും തട്ടിക്കൊണ്ടുപോയെങ്കിലും ഇവരിൽ പലരേയും പിന്നീട് വിട്ടയച്ചിരുന്നു. ഗാസ വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ച 33 പേരടങ്ങുന്ന പ്രാരംഭ സംഘത്തിലെ ഏഴ് സ്ത്രീകളിൽ ഒരാളാണ് യെഹൂദ്. സിവിലിയൻ ഷിരി സിൽബർമാൻ ബിബാസ്, സൈനികരായ ബർഗർ, ലിറി അൽബഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട 7 സ്ത്രീകൾ. ഇതിൽ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നി വനിതാ സൈനികരെ ഇന്നലെ മോചിപ്പിച്ചിരുന്നു.