
വാഷിങ്ടൺ: അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുന്നു എന്നാരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഒരു ഇന്ത്യൻ വിദ്യാർഥിനിയുടെ വീസ യുഎസ് ഇമിഗ്രേഷൻ അധികൃതർ റദ്ദാക്കി. യൂണിവേഴ്സിറ്റിയിലെ അർബൻ പ്ലാനിംഗ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനെതിരെയാണ് നടപടി. അതേസമയം രഞ്ജനി സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം യുഎസ് വിട്ടതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.
ഇന്ത്യക്കാരിയായ രഞ്ജനി ശ്രീനിവാസൻ കൊളംബിയ സർവകലാശാലയിൽ അർബൻ പ്ലാനിംഗിൽ ഡോക്ടറൽ വിദ്യാർത്ഥിനിയായി എഫ് -1 സ്റ്റുഡന്റ് വിസയിൽ അമേരിക്കയിൽ എത്തിയതായിരുന്നു. പലസ്തീൻ – ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ വിരുദ്ധ സമരത്തിന് പിന്തുണ നൽകിയിരുന്ന രഞ്ജനി ഹമാസിനെ അനുകൂലിക്കുന്നു എന്നതാണ് അവർക്കെതിരെയുള്ള കുറ്റം.
2025 മാർച്ച് 5 ന്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വിസ റദ്ദാക്കി. മാർച്ച് 11 ന് അവർ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുവിട്ടു.
രഞ്ജനി അക്രമത്തെ അനുകൂലിച്ചു എന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വീസ ലഭിക്കുന്നതു തന്നെ വലിയ അംഗീകാരമാണെന്നും വിദേശ വിദ്യാർഥികൾ ഇകാര്യം മനസ്സിലാക്കണെന്നും ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
ഫുൾബ്രൈറ്റ് ബിരുദധാരിയായ ശ്രീനിവാസന് മികച്ച അക്കാദമിക് പശ്ചാത്തലമുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ആർക്കിടെക്ചർ, പ്ലാനിംഗ് ആൻഡ് പ്രിസർവേഷനിൽ (ജിഎസ്എപിപി) നിന്ന് നഗരാസൂത്രണത്തിൽ അവർ എം.ഫിൽ നേടിയിട്ടുണ്ട്. കൂടാതെ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഡിസൈനിൽ ബിരുദാനന്തര ബിരുദവും സിഇപിടി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസൈനിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡി.എസ്) ബിരുദവും നേടിയിട്ടുണ്ട്.
US revokes visa of Indian scholar at Columbia University for pro Palestine protest