
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തി വെടിയുതിർത്ത് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്. സുരക്ഷാ സേനക്ക് സമീപത്തായി വെടിയുതിർത്ത ഈ യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ച് വെടിവച്ച് വീഴ്ത്തിയെന്നാണ് വിവരം. അക്രമിയെ കീഴടക്കിയതായി സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥർക്കു പരുക്കില്ലെന്നാണ് സൂചന. വെടിയേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വൈറ്റ് ഹൗസിന് സമീപം ആക്രമണം നടക്കുമ്പോൾ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ട്രംപ് ഫ്ലോറിഡയിലായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍. ആത്മഹത്യ പ്രവണതയുള്ള അക്രമിയെക്കുറിച്ച് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്ക് പ്രാദേശിക പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇതാണ് ആക്രമണത്തെ നേരിടാൻ സഹായകമായത്.
വാഷിംഗ്ടണിലെ 17-ാം സ്ട്രീറ്റിനും എഫ് സ്ട്രീറ്റിനും സമീപം അർധരാത്രിയോടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അക്രമിയുടെ പാർക്ക് ചെയ്തിരുന്ന വാഹനം കണ്ടെത്തിയതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസിന് അടുത്തുള്ള ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപമാണ് വാഹനം പാർക്ക് ചെയ്തിരുന്നതെന്നാണ് അധികൃതർ അറിയിച്ചത്.