‘അനുസരണ’യില്ലാത്ത ജില്ലാ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന ട്രംപിൻ്റെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്

കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് എതിരെ നിലപാട് സ്വീകരിച്ച ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം നിരസിച്ച് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ്. ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബെർഗിനെ ഇംപീച്ച് ചെയ്യണം എന്നായിരുന്നു ട്രംപിൻ്റെ ആവശ്യം.

” ഒരു ജുഡീഷ്യൽ തീരുമാനത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ഇംപീച്ച്മെന്റ് ഉചിതമായ പ്രതികരണമല്ലെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അപ്പീൽ അവലോകനത്തിന് സാധ്യതയുണ്ട്. ആ സാധ്യത ഉപയോഗിക്കുകയാണ് ഉചിതം” ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇദ്ദേഹം ഒരു റിപബ്ളിക്കൻ അനുകൂലിയായിട്ടുകൂടി, വളരെ അപൂർവമായി മാത്രം പുറത്തിറക്കാറുള്ള പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ്.

കുറ്റവാളികൾ എന്നു കരുതപ്പെടുന്ന 200 വെനസ്വേലക്കാരെ എൽ സാൽവഡോറിലേക്ക് നാടുകടത്തുന്നത് തടഞ്ഞ കോടതി ഉത്തരവാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആ ഉത്തരവിട്ട യുഎസ് ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബെർഗിനെ “പ്രശ്നക്കാരനെന്നും പ്രക്ഷോഭകനും” എന്നും ട്രംപ് വിളിച്ചു.

ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, ജഡ്ജി ബോസ്ബർഗിനെ കടന്നാക്രമിച്ചിട്ടുണ്ട്. “അദ്ദേഹം ജയിച്ചെന്ന് കരുതേണ്ട! വോട്ടർമാർ എന്നോട് ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ചെയ്യുന്നത്.” ജഡ്ജിനെതിരെ ട്രംപ് കുറിച്ചു.

US Supreme Court Chief justice rebukes Trump’s call to impeach a district judge