
വാഷിങ്ടണ്‍ : 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി അനുമതി നല്‍കി. കീഴ്ക്കോടതി ഉത്തരവിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിയാണ് യുഎസ് സുപ്രീം കോടതി ഉത്തരവ്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരായി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യുഎസ് കോടതി തള്ളുകയായിരുന്നു. ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുളള റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക. പാക് വംശജനായ കനേഡിയന്‍ പൗരന്‍ റാണയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാന്‍ അവസാന വട്ട ശ്രമങ്ങള്‍ റാണയും നടത്തിയിരുന്നു. റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ്.
നേരത്തെ, സാന്‍ ഫ്രാന്‍സിസ്‌കോയിലെ യുഎസ് കോടതി ഓഫ് അപ്പീല്‍സ് ഫോര്‍ ദി നോര്‍ത്ത് സര്‍ക്യൂട്ട് ഉള്‍പ്പെടെ നിരവധി ഫെഡറല്‍ കോടതികളില്‍ നടന്ന നിയമയുദ്ധത്തില്‍ റാണ പരാജയപ്പെട്ടിരുന്നു. നവംബര്‍ 13ന് റാണ യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം ജനുവരി 21ന് സുപ്രീം കോടതി ഈ ഹര്‍ജി തള്ളി.
26/11 മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.