യുക്രെയ്ൻ–റഷ്യ വെടിനിർത്തൽ: യുഎസ് സംഘം റഷ്യയിലേക്ക്

വാഷിങ്ടൻ / കീവ് / മോസ്കോ : മൂന്നു വർഷം പിന്നിട്ട യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് മധ്യസ്ഥശ്രമത്തിൽ നിർണായക മുന്നേറ്റം. വെടിനിർത്തൽ സാധ്യമാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് സംഘം റഷ്യയിലേക്ക് പുറപ്പെട്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ നിർദ്ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ഒരു ഫോൺ കോൾ സാധ്യമാണെന്നും ക്രെംലിൻ അറിയിച്ചു.

സൗദിയിലെ ജിദ്ദയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് 30 ദിവസത്തെ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചത്. തൊട്ടുപിന്നാലെ യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതിനുള്ള വിലക്ക് യുഎസ് നീക്കി. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും തുടരും.

ജിദ്ദയിലെ ചർച്ചയിൽ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ നിർദേശം നല്ല ചുവടാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യ കൂടി സമ്മതിച്ചാൽ വെടിനിർത്തൽ ഉടൻ നിലവിൽവരുമെന്നും അറിയിച്ചു.

നിർദേശത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമേ നിലപാടു വ്യക്തമാക്കുമെന്ന് പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചർച്ചയ്ക്കായി റഷ്യയുമായി വിവിധ തലങ്ങളിൽ ബന്ധപ്പെടുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചതിനെ യുഎന്നും യൂറോപ്യൻ യൂണിയനും സ്വാഗതം ചെയ്തു. ഇതേസമയം, യുക്രെയ്നിലെ റഷ്യൻ ആക്രമണങ്ങളിൽ ചൊവ്വാഴ്ച 4 പേർ കൊല്ലപ്പെട്ടു. കുർസ്ക് മേഖലയിൽ യുക്രെയ്ൻ പിടിച്ച ഗ്രാമങ്ങൾ റഷ്യ ഒന്നൊന്നായി തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്.

US team headed to Moscow for Ukraine talks