
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ താരം മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് അന്തരിച്ചു. 39 വയസ്സായിരുന്നു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അമേരിക്കന്‍ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നടി അഭിമുഖീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി. ‘ദി അഡ്വഞ്ചര്‍ ഓഫ് പെറ്റെ ആന്‍ഡ് പെറ്റെ’, ‘ഹാരിയറ്റ് ദി സ്‌പൈ’ തുടങ്ങിയ സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. ‘ബഫി ദ് വാംപയര്‍ സ്ലേയര്‍’ എന്ന ടി.വി. സീരിസാണ് ഏറെ പ്രശസ്തം.
Famous American young television star Michelle Trachtenberg passes away