വാഷിംഗ്‌ടൺ: യുഎസ് നാവികസേനയുടെ അതിശക്തമായ ആയുധത്തിന്റെ ചിത്രം പുറത്ത് വന്നത് ലോകമാകെ ചർച്ചയാകുന്നു. ലേസർ ആയുധമായ ഹെലിയോസ് ഉപയോഗിച്ച് യുദ്ധക്കപ്പലിൽ നിന്ന് ഡ്രോണിനെ വെടിവച്ചിടുന്നതിന്റെ ചിത്രമാണ് പുറത്ത് വന്നത്. പിന്നാലെ ഇത് സോഷ്യൽ മീഡിയിൽ വൈറലായി മാറി. യുഎസ് സെന്റർ ഫോർ കൗണ്ടർ മെഷറിന്റെ വാർഷിക റിപ്പോർട്ടിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
യുഎസിന്റെ യുഎസ്‌എസ് പ്രെബിൾ എന്ന യുദ്ധക്കപ്പലിൽ നിന്നാണ് നടുക്കടലിൽവച്ച് ലേസർ ആയുധം പ്രയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആയുധത്തിന്റെ പ്രവർത്തനം നാവിക സേന പരിശോധിക്കുകയായിരുന്നു. ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ, നിരീക്ഷണ സംവിധാനം എന്നിവയാണ് ഹെലിയോസിലുള്ളത്. ആളില്ലാ ആകാശ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ഈ ആയുധം പ്രയോഗിക്കുന്നത്. എന്നാൽ ആയുധത്തിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
യുകെ കഴിഞ്ഞ വർഷം ലേസർ ആയുധമായ ഡ്രാഗൺ ഫയർ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസും ആയുധത്തിന്റെ പ്രവർത്തനം പരിശോധിച്ചത്. എയറോസ്‌പേസ്, ഡിഫൻസ് കമ്പനിയായ ലോക്കീഡ് മാർട്ടിനാണ് യുഎസിനുവേണ്ടി എച്ച്‌ഇഎൽഐഒഎസ് (ഹൈ എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്‌ലർ ആന്റ് സർവൈലൻസ്) വികസിപ്പിച്ചത്. പ്രകാശ വേഗതയിൽ ശത്രുലക്ഷ്യങ്ങളെ നേരിടാൻ കഴിയുന്ന 60 കിലോവാട്ട് ഹൈ എനർജി ലേസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ശത്രു ആയുധങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളെ നശിപ്പിച്ച് അതിലൂടെ അത് പ്രവർത്തിപ്പിക്കുന്നവരുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഈ ആയുധത്തിന് കഴിയും.