
വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലേക്ക്. വാൻസും കുടുംബവും ഏപ്രിൽ 18 മുതൽ 24 വരെ ഇറ്റലിയിലും ഇന്ത്യയിലും സന്ദർശനം നടത്തുമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓരോ രാജ്യത്തെയും നേതാക്കളുമായി സാമ്പത്തികവും ഭൗമരാഷ്ട്രീയപരവുമായ പൊതുവായ കാര്യങ്ങളെ കുറിച്ച് വൈസ് പ്രസിഡന്റ് ചർച്ച നടത്തും.
ഇന്ത്യയിൽ, വൈസ് പ്രസിഡന്റ് ന്യൂഡൽഹി, ജയ്പൂർ, ആഗ്ര എന്നിവിടങ്ങൾ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡന്റും കുടുംബവും സാംസ്കാരിക കേന്ദ്രങ്ങളിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. വാൻസിന്റെ ഭാര്യ ഉഷ ഇന്ത്യയിൽ വേരുകളുള്ള വ്യക്തിയാണ്. ട്രംപ് ഭരണകൂടം ലോകം മുഴുവൻ താരിഫ് ഏർപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ വാൻസിന്റെ സന്ദർശനം ഇന്ത്യക്കും നിർണായകമാണ്.