
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച അദ്ദേഹം പഹൽഗാമിലെ ഭീകരാക്രമണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും അമേരിക്ക ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. വാൻസും കുടുംബവും ഇപ്പോൾ ഇന്ത്യയിലാണ്. നാളെ രാവിലെ അവർ യുഎസിലേക്ക് തിരികെ പോകും. 21നാണ് വാൻസ് ഇന്ത്യയിൽ എത്തിയത്.
യുഎസ് പ്രസിഡന്റ് ട്രംപ് ഇതിനോടകം പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കും. ഇന്ത്യയിലെ ജനങ്ങള്‍ക്കായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തുതുടങ്ങിക്കഴിഞ്ഞു, വാന്‍സ് പറഞ്ഞു.
അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
ഭീകരതയ്‌ക്കെതിരായ സംയുക്ത പോരാട്ടത്തിൽ ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്നും യുഎസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിൽ കുറിച്ചു. നിലവിൽ കുടുംബത്തോടൊപ്പം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ് വാൻസ്. പ്രസിഡൻ്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായും സാധ്യമായ എല്ലാ സഹായവും സഹകരണവും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും നൽകുമെന്നും വാന്‍സ് അറിയിച്ചു.
US Vice President JD Vance strongly condemns Pahalgam terror attack