ഈ 23 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യും മുമ്പ് ശ്രദ്ധിക്കൂ, പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി 23 രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രാ പദ്ധതികളും നിങ്ങള്‍ അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ് പ്രകാരം 126 സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ നടത്തും മുമ്പ് നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ 21 സ്ഥലങ്ങള്‍ അമേരിക്കക്കാര്‍ ഒഴിവാക്കേണ്ട നിരോധിത മേഖലകളായി അടയാളപ്പെടുത്തിയിരിക്കുന്നു.

കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ആഭ്യന്തര കലാപങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രകൃതി ദുരന്ത സാധ്യത, നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് നിര്‍ദേശം. ഈ പ്രദേശങ്ങളെ 1, 2, 3, 4 ലെവലായി തിരിച്ചിട്ടുണ്ട്. 1,2 ലെവലില്‍ ഉള്‍പ്പെടുന്ന ഇടങ്ങളെ വര്‍ഷം തോറും വിലയിരുത്തും. 3,4 ലെവലിലുള്ളവയെ ഓരോ ആറ് മാസത്തിലും വീണ്ടും വിലയിരുത്തുകയും ചെയ്യും.

ലെവല്‍ 1 ലുള്ള രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ യാത്രക്കാര്‍ സ്റ്റാന്‍ഡേര്‍ഡ് മുന്‍കരുതലുകള്‍ പാലിക്കണം. ലെവല്‍ 2 വിലേക്കാണ് നിങ്ങളുടെ യാത്ര എങ്കില്‍ വര്‍ദ്ധിച്ച സുരക്ഷാ അപകടസാധ്യതകള്‍ കാരണം സന്ദര്‍ശകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. എന്നാല്‍, ലെവല്‍ 3 മുന്നറിയിപ്പിന് കീഴില്‍ യാത്ര പരിഗണിക്കുന്നവര്‍ ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് രണ്ടുതവണ ചിന്തിക്കണം. ലെവല്‍ 4-ല്‍ 20-ലധികം രാജ്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ അവിടേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

ലെവല്‍ 3 ഉപദേശത്തിന് കീഴിലുള്ള 23 രാജ്യങ്ങളും പ്രദേശങ്ങളും ഇനിപ്പറയുന്നവയാണ് : ബംഗ്ലാദേശ്, ബുറുണ്ടി, ചാഡ്, കൊളംബിയ, ഈജിപ്ത്, എത്യോപ്യ, ഗ്വാട്ടിമാല, ഗിനിയ-ബിസാവു, ഗയാന, ഹോണ്ടുറാസ്, ജമൈക്ക, മക്ക, മൗറിറ്റാനിയ, മൊസാംബിക്ക്, ന്യൂ കാലിഡോണിയ, നിക്കരാഗ്വ, നൈജര്‍, നൈജീരിയ, പാകിസ്ഥാന്‍, പാപുവ ന്യൂ ഗിനിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉഗാണ്ട, വാനുവാട്ടു.

ലെവല്‍ 4 ല്‍ 21 രാജ്യങ്ങളുണ്ട്: അഫ്ഗാനിസ്ഥാന്‍, ബെലാറസ്, ബുര്‍ക്കിന ഫാസോ, ബര്‍മ്മ (മ്യാന്‍മര്‍), മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, ഇറാന്‍, ഇറാഖ്, ലെബനന്‍, ലിബിയ, മാലി, ഉത്തര കൊറിയ, റഷ്യ, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, ഉക്രെയ്ന്‍, വെനിസ്വേല, യെമന്‍ എന്നിവയാണത്.

More Stories from this section

family-dental
witywide