
ന്യൂഡല്‍ഹി: ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ വലിയ എണ്ണ വിതരണക്കാരായി യു.എസ് മാറി.
ഡിസംബറില്‍ ഇത് 70,600 ബാരലായിരുന്നത്, ജനുവരിയില്‍ കുത്തനെ കൂടി പ്രതിദിനം 218,400 ബാരല്‍ എണ്ണയാണ് യുഎസ് ഇന്ത്യയിലേക്ക് കയറ്റി അയച്ചതെന്ന് വ്യാപാര സ്രോതസ്സുകളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു.
അതേസമയം, ഇന്ത്യയ്ക്കായി മുന്‍നിര എണ്ണ വിതരണക്കാരായ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 4.3% വര്‍ദ്ധിച്ച് പ്രതിദിനം 1.58 ദശലക്ഷം ബാരലായി. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് വരും മാസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാഖാണ് ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാര്‍. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും മൂന്നും നാലും സ്ഥാനത്തുണ്ട്.
2024 ഏപ്രില്‍ 1 മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതി 4.5% ഉയര്‍ന്ന് പ്രതിദിനം ശരാശരി 4.8 ദശലക്ഷം ബാരലായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.