ട്രംപ് പറഞ്ഞത് നടപ്പാക്കുമോ, ചൈനക്കെതിരെ 10 ശതമാനം അധിക നികുതി ഫെബ്രുവരി ഒന്ന് മുതലെന്ന് പ്രഖ്യാപനം

ന്യൂയോർക്ക്: അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനക്ക് മേൽ ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്താനൊരുങ്ങി ട്രംപ്. ഫെബ്രുവരി 1 മുതൽ ചൈനയ്‌ക്ക് 10 ശതമാനം തീരുവ ചുമത്താനാണ് നീക്കം. മെക്‌സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെൻ്റനിൽ അയയ്‌ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയുടെ മോശം പെരുമാറ്റമാണ് ഉയർന്ന തീരുവ ചുമത്താൻ കാരണമെന്നും നീതി ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും ട്രംപ് വ്യക്തമാക്കി. അതിതീവ്രമായ വേദനയനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നാണ് ഫെന്റനില്‍. ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും വീര്യമുള്ള മരുന്ന്, ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കാനഡക്കുമേൽ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡൻ്റ് മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ, കാനഡ പ്രതികരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

More Stories from this section

family-dental
witywide