സിപിഎം നയരേഖ അവസരവാദ രേഖ, മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നവർ കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ട: വി.ഡി. സതീശൻ

തിരുവനന്തപുരം: ബിജെപിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

എം.വി ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുത്. എന്റെ പേരെടുത്ത് പറഞ്ഞും കാരാട്ട് വിമര്‍ശിച്ചിട്ടുണ്ട്. സി.പി.എം നയരേഖ ഞാന്‍ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദ്ദേശം വിനയപൂര്‍വം നിരസിക്കുന്നു. കാരണം, അതൊരു അവസരവാദ രേഖയാണ്. ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചുകൊടുക്കുന്ന കേരളത്തിലെ സി.പി.എം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ല – സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കാരാട്ടിന്റെ സമീപനമെന്നും സതീശന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന് കരട് രാഷ്ട്രീയ രേഖയില്‍ പറയുകയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പരസ്യമായി പറയുകയും ചെയ്യുന്നത് വിരോധാഭാസമാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഎം ഇനിയെങ്കിലും ബി.ജെ.പിക്ക് എതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ സിപിഎമ്മിന് ബി.ജെ.പിയുമായി ഉണ്ടായിരുന്ന രഹസ്യബന്ധം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ഇന്ത്യയിൽ ബിജെപിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് ആണെന്നിരിക്കെ കേരളത്തില്‍ വന്ന് പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ്.

2021-ലെ തിരഞ്ഞെടുപ്പ് വിജയം പോലും സിപിഎം- ബിജെപി ധാരണയുടെ ഭാഗമായിരുന്നു. ആര്‍എസ്എസ്- സി.പി.എം ബന്ധത്തേക്കുറിച്ച് നിയമസഭയിലും പുറത്തും തെളിവ് സഹിതം ആരോപണം ഉന്നയിച്ചിട്ടും പിണറായി വിജയന്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. പിണറായി വിജയനെ തിരുത്താന്‍ സിപിഎം നേതൃത്വവും തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പിണറായി വിജയന് മുന്നില്‍ കീഴടങ്ങിയത് ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് ഒരിക്കല്‍ സിപിഎമ്മിന് ഏറ്റുപറയേണ്ടി വരുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പരസ്യമായി പറഞ്ഞ് മോദിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ കോണ്‍ഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധതയും ബിജെപിക്ക് എതിരായ പോരാട്ടവും പഠിപ്പിക്കേണ്ട. ഫാസിസവുമായി കേരളത്തിലെ സി.പി.എം എല്ലാ കാലത്തും സന്ധി ചെയ്തിട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചു.

More Stories from this section

family-dental
witywide