ആശമാർ ഉന്നയിച്ച പ്രശ്നങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാൻ തീരുമാനിച്ച് വീണ ജോർജ്, നാളെ രാവിലെ ഡൽഹിയിലെത്തും

തിരുവനന്തപുരം: ആശാ വർക്കർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നിർണായക തീരുമാനമെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ്. ആശമാർ സമരം കൂടുതൽ ശക്തമാക്കാനും നാളെ മുതൽ നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ച പശ്ചാത്തലത്തിൽ വിഷയം നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ ശ്രദ്ധയിൽപ്പെടുത്താനായി വീണ ജോർജ് ഡൽഹിയിലേക്ക് പോകും. നാളെ രാവിലെ തിരുവനന്തപുരത്ത് നിന്നാണ് വീണ, ഡൽഹിയിലേക്ക് പോകുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നും ആശമാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കേരള ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രം നൽകാനുള്ള കുടിശ്ശിക തുക നൽകണമെന്ന് ആവശ്യപ്പെടുമെന്നും വീണ ജോർജ് അറിയിച്ചു.

ഇന്ന് വൈകുന്നേരം ആരോഗ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാര്‍. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പാർലമെന്റില്‍ പറഞ്ഞെങ്കിലും എപ്പോള്‍ വര്‍ധിപ്പിക്കുമെന്നു പറഞ്ഞില്ല. ഇക്കാര്യങ്ങളടക്കം കൂടിക്കാഴ്ചയിൽ ഉന്നയിക്കാനാണ് വീണ ജോർജിന്‍റെ തീരുമാനം.

More Stories from this section

family-dental
witywide