
തിരുവനന്തപുരം : സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐഒ കുറ്റപത്രം. സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടുകളുടെ പ്രധാന ആസൂത്രക വീണയാണെന്നാണ് എസ്എഫ്ഐയുടെ കണ്ടെത്തല്‍. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
വര്‍ഷം തോറും 66 ലക്ഷം രൂപയുടെ ബാധ്യത എക്സലോജിക്ക് കമ്പനിക്ക് ഉണ്ടായിരുന്നുവെന്നും, കമ്പനി സ്ഥാപിച്ചതിന് ശേഷം അതിന്റെ വികസനം പുറകോട്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിഎംആര്‍എല്ലുമായുള്ള ഇടപാടുകള്‍ കമ്പനിയുടെ പ്രധാന വരുമാനമാര്‍ഗമായി മാറിയെന്നും ആരോപണമുണ്ട്.
2017-2019 കാലയളവില്‍ സിഎംആര്‍എല്ലുമായി നടത്തിയ ഇടപാടുകളില്‍ നിന്ന് വീണയുടെ പേരിലേക്ക് പ്രതിമാസം 5 ലക്ഷം രൂപയും കമ്പനിയുടെ പേരിലേക്ക് 3 ലക്ഷം രൂപയും ലഭിച്ചു. നല്‍കിയിട്ടില്ലാത്ത സേവനത്തിന്റെ പേരില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ അനാവശ്യമായി കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും എസ്എഫ്ഐയുടെ കുറ്റപത്രം വ്യക്തമാക്കുന്നു.