തിരുവനന്തപുരം: എൽ പി സ്കൂളിലെ കുരുന്നുകൾ തങ്ങളുടെ ഉച്ചഭക്ഷണത്തിനായി നട്ടുനനച്ച് പരിപാലിച്ചിരുന്ന പച്ചക്കറി തോട്ടത്തിൽ മോഷണം. തൈക്കാട് മോഡൽ എച്ച് എസ് എൽ പിഎസിലെ കുട്ടികളുടെ വളർത്തിയ പച്ചക്കറികള്‍ വിളവെടുക്കാറയപ്പോഴാണ് മോഷണം പോയിരിക്കുന്നത്. 30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്.
തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാൻ വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം സഹായം തേടിയിരിക്കുകയാണ് എൽ പി സ്കൂളിലെ കുഞ്ഞു കുഞ്ഞുകുട്ടികൾ. വിഷയം മന്ത്രി അപ്പൂപ്പൻ ഗൗരവമായെടുക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയോട് കുട്ടികൾ ആവശ്യപ്പെട്ടത്. എത്രയും വേഗം കള്ളനെ കണ്ടുപിടിക്കുമെന്നും നടപടി ഉറപ്പാണെന്നുമാണ് മന്ത്രി വി ശിവൻകുട്ടി മറുപടി നൽകിയത്.
തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എല്‍പി സ്കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. ‘എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്’- മന്ത്രി അറിയിച്ചു. കുട്ടികള്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.