കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആര്‍ജികര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി. കൊല്‍ക്കത്തയിലെ സീല്‍ഡയിലെ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9 നാണ് സര്‍ക്കാര്‍ നടത്തുന്ന ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര കൊലപാതകം നടന്നത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാന്‍ പോയ 31 കാരിയായ ട്രെയിനി ഡോക്ടറെ സെമിനാര്‍ ഹാളില്‍ വെച്ചാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും നൂറുകണക്കിന് ഡോക്ടര്‍മാരുടെ മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
സംഭവത്തില്‍ പ്രതിയായ കൊല്‍ക്കത്ത പൊലീസില്‍ സിവില്‍ വളണ്ടിയര്‍ ആയിരുന്ന സഞ്ജയ് റോയിയെ അറസ്റ്റുചെയ്തിരുന്നു. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പ് നല്‍കിയിരുന്നു.