
കോട്ടയം: ഗവമെന്റ് നഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, രാഹുല്‍ രാജ്, എസ്എന്‍ ജീവ, എന്‍ വി വിവേക്, റിജില്‍ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടു. പൊലീസിനോടും കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്‌തെന്നാണ് പരാതി. അഞ്ചുപേരും മൂന്നാം വര്‍ഷ നഴ്സിംങ് വിദ്യാര്‍ത്ഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടു നിന്നെന്നാണ് പരാതിയിലുള്ളത്.
പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ടോയ്‌ലെറ്റ് ക്ലീനര്‍ മുറിവില്‍ പുരട്ടുകയും തലയിലും മുഖത്തും പല ക്രീമുകള്‍ തേക്കുകയും ചെയ്യുന്നതും സ്വകാര്യഭാഗത്ത് ഡംബല്‍ ഉപയോഗിച്ച് ക്രൂരത കാട്ടുന്നതും വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തുകയും ചെയ്തിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.