ചെന്നൈ : വിദ്യാര്‍ത്ഥികളെക്കൊണ്ട് ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കിക്കുന്ന വീഡിയോ പ്രചരിച്ചതോടെ തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ നടപടി.
തമിഴ്‌നാട്ടിലെ പാലക്കോട് സ്ഥിതി ചെയ്യുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള 150 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സപ്പലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വെള്ളം കോരി ഒഴിച്ച് ചൂലും മറ്റും ഉപയോഗിച്ച് പണിപ്പെട്ടാണ് കുട്ടികള്‍ ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്നത്. സ്ഥിരമായി കുട്ടികള്‍ ടോയ്‌ലെറ്റ് വൃത്തിയാക്കാറുണ്ടെന്നും സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ശുചീകരണ ജോലികള്‍ കാരണം തങ്ങളുടെ കുട്ടികള്‍ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലേക്ക് മടങ്ങിയെത്താറുള്ളതെന്നും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ‘ഞങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നത് വൃത്തിയാക്കാനല്ല, പഠിക്കാനാണ്’ എന്നും രക്ഷിതാക്കള്‍ അങ്കയും ദേഷ്യവും പ്രകടിപ്പിച്ചു.
വൈറലായ വീഡിയോയില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടികള്‍ ചൂലും പിടിച്ച് സ്‌കൂളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്നത് വ്യക്തമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.