എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത് ? ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?’ തരൂരിനെതിരെ വീക്ഷണം ദിനപ്പത്രം

തിരുവനന്തപുരം : കുഞ്ഞാലിക്കുട്ടിക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വ്യാവസായിക മേഖലയിലെ വളര്‍ച്ചയില്‍ പിണറായി സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ വിമര്‍ശനം.

‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലില്‍ അനാവശ്യ വിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്നാണ് വിമര്‍ശനം.

വെളുപ്പാന്‍കാലം മുതല്‍ വെള്ളംകോരി സന്ധ്യക്ക് കുടമുടയ്ക്കുന്ന രീതി പരിഹാസ്യമാണ്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് പ്രതികൂലമായിട്ടും യുഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയായിരിക്കും. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ അതിന് ഊര്‍ജ്ജം പകരേണ്ടവര്‍ അത് അണയ്ക്കാന്‍ വെള്ളമൊഴിക്കുന്നത് വികലമായ രാഷ്ട്രീയരീതിയാണ് എന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

എല്‍ഡിഎഫ് ഭരണക്കെടുതിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പിറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തെ വ്യവസായങ്ങളുടെ ശവപറമ്പാക്കി മാറ്റിയത് എല്‍ഡിഎഫ് ആണ്. ആര്‍ ശങ്കറും സി അച്യൂതമേനോനും കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്താണ് കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ വളര്‍ന്നത്. കെ എ ദാമോദര മേനോന്‍, ടി വി തോമസ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ദീര്‍ഘവീക്ഷണത്തോടെയായിരുന്നു വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും അവര്‍ക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളതെന്നും വീക്ഷണം ചോദിക്കുന്നു.

More Stories from this section

family-dental
witywide