യുഎസിലേക്കുള്ള കുടിയേറ്റം കൂടുതൽ ദുഷ്കരമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനുശേഷം, യുഎസ് വിസയ്ക്കായി പ്രാർത്ഥനകൾ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു. വീസ തടസ്സങ്ങൾ മാറ്റിത്തരുന്നതിൽ ഖ്യാതി നേടിയ 3 ക്ഷേത്രങ്ങളിലാണ് തിരക്ക് കൂടി വരുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള “വീസ ഹനുമാൻ” എന്ന് അറിയപ്പെടുന്ന ചമത്കരി ഹനുമാൻ ക്ഷേത്രത്തിൽ വീസ തടസ്സങ്ങൾ മാറ്റി കിട്ടാനായി എത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും തിരക്കും വർധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഹനുമാന്റെ മുമ്പാകെ പാസ്‌പോർട്ടുകൾ വയ്ക്കുകയും ഹനുമാൻ ചാലിസ ചെല്ലുകയും ചെയ്തശേഷമാണ് ഭക്തർ മടങ്ങുന്നത്. വീസ ഹനുമാൻ ക്ഷേത്രത്തിന്റെ പ്രശസ്തി മൂലം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ കേട്ടറിഞ്ഞ് ഇവിടെ പ്രാർഥനയക്ക് എത്തുന്നുണ്ട്.
ഹൈദരാബാദിലെ “വിസ ഗോഡ്” ക്ഷേത്രം എന്നറിയപ്പെടുന്ന ചിൽകൂർ ബാലാജി ക്ഷേത്രത്തിലും, ദിവ്യ ഇടപെടൽ പ്രതീക്ഷിച്ച് ധാരാളം ചെറുപ്പക്കാർ നഗ്നപാദനായി പ്രാർത്ഥനകൾ ചൊല്ലുകയും 108 തവണ പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു.
ഡൽഹിയിലെ ശ്രീ സിദ്ധി പീഠ് ചമത്കാരി ഹനുമാൻ മന്ദിറിലും തിരക്കാണ്. “വീസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് പലരും 41 ദിവസത്തേക്ക് മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ ഉപേക്ഷിക്കുന്നു,” ക്ഷേത്ര പൂജാരി നാരായൺ മിശ്ര പറഞ്ഞു.
ഭക്തർ അവരുടെ ആഗ്രഹങ്ങൾ കടലാസുകളിൽ എഴുതി, അവ ദേവന്റെ മുമ്പിൽ വയ്ക്കുകയും ജപിച്ച ശേഷം ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
യുഎസിലേക്കുള്ള കുടിയേറ്റം വളരെക്കാലമായി പല ഇന്ത്യക്കാർക്കും ഒരു സ്റ്റാറ്റസ് സിംബലാണ്. എന്നാൽ ട്രംപ് അത്തരം അഭിലാഷങ്ങളെ കർശനമായ വീസ പരിശോധന നടപടിക്രമങ്ങളിലൂടെ പരിമിതപ്പെടുത്തുകയാണ്.
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കും മറ്റ് വിദഗ്ധ തൊഴിലാളികൾക്കും യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന H-1B വിസ പ്രോഗ്രാമിനെക്കുറിച്ച് ട്രംപിന്റെ ഏറ്റവും പിന്തുണക്കാർക്ക് ഇടയിൽ തന്നെ ഭിന്നതയുണ്ട്. H-1B വിസ സ്വീകർത്താക്കളിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്.