രാജിക്കു പിന്നിൽ മസ്കാണെന്ന റിപ്പോർട്ടിനെതിരെ പൊട്ടിത്തെറിച്ച് വിവേക് രാമസ്വാമി

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം സര്‍ക്കാരില്‍ പുതുതായി രൂപവത്കരിച്ച കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) ചുമതലയില്‍നിന്ന് ഒഴിഞ്ഞതിനു പിന്നാലെ പുറത്തുവന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിവേക് രാമസ്വാമി.

എച്ച്.1-ബി വിസയെ പിന്തുണച്ച വിവേകിന്റെ നിലപാടിനോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കകത്ത് എതിര്‍പ്പുയര്‍ന്നിരുന്നു. അമേരിക്കന്‍ പൗരന്‍മാരുടെ അലസതയെക്കുറിച്ച് വിവേക് നടത്തിയ പരാമര്‍ശം വിവാദമാകുകയും ചെയ്തിരുന്നു. മാത്‌സ് ഓളിമ്പ്യാഡിന് നല്‍കുന്നതിനേക്കാള്‍ പ്രധാന്യം പ്രോം ക്വീന്‍, പ്രോം കിങ് തുടങ്ങിയ വിനോദപരിപാടികള്‍ക്ക് നല്‍കുന്നുവെന്ന് വിവേക് ആരോപിച്ചിരുന്നു.

അമേരിക്കക്കാരെ കുറിച്ച് വിവേക് നടത്തിയ പരാമർശം ഇലോൺ മസ്കിൽ കടുത്ത അതൃപ്തിയുണ്ടാക്കിയെന്നും തുടർന്ന് വകുപ്പിൽ നിന്ന് രാജിവച്ച് പോകാൻ നിർബന്ധിതനായെന്നുമാണ് നാഷ്ണല്‍ ഫയല്‍ റിപ്പോർട്ട് ചെയ്തത്. ടെക്‌സ്റ്റ് മെസേജ് വഴി അഭിമുഖം നടത്തിയപ്പോഴാണ് വിവേക് ഇത് സ്ഥിരീകരിച്ചതെന്നായിരുന്നു നാഷ്ണല്‍ ഫയലിന്റെ പാട്രിക് ഹൗലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദം. ഇതിനെതിരേയാണ് അദ്ദേഹം രംഗത്ത് വന്നത്. സുഹൃത്തെ നിങ്ങളാരാണെന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളില്‍ നിന്ന് ഒരു ടെക്‌സ്റ്റ് പോലും ലഭിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ പോലും ഞാന്‍ മറുപടി നല്‍കില്ല- വിവേക് രാമസ്വാമി എക്‌സില്‍ കുറിച്ചു.

ഡോജ് വകുപ്പിന്റെ ചുമതല സത്യപ്രതിജ്ഞയ്ക്കു 69 ദിവസം മുന്‍പാണ് ട്രംപ് മസ്‌കിനും വിവേകിനുമായി പങ്കിട്ട് നല്‍കിയത്.ട്രംപിന്റെ സത്യപ്രതിജ്ഞ നടന്നതിനുതൊട്ടുപിന്നാലെയായിരുന്നു വിവേകിന്റെ രാജി. അതേസമയം, ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ വിവേക് അടുത്തയാഴ്ച തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Vivek Ramaswamy lashes out at report that Musk is behind his resignation from DOGE

More Stories from this section

family-dental
witywide