ട്രംപിൻ്റെ കാര്യക്ഷമതാ വകുപ്പിൽ നിന്ന് വിവേക് രാമസ്വാമി പടിയിറങ്ങി, ഇനി രാഷ്ട്രീയ ഗോദയിൽ

ഇന്ത്യൻ- അമേരിക്കൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമി ട്രംപ് പുതിയതായി രൂപം നൽകിയ കാര്യക്ഷമതാ വകുപ്പിൽ ( DOGE) നിന്ന് പടിയിറങ്ങി. വിവേക് DOGE വിടുകയാണെന്ന വാർത്ത നേരത്തേ പ്രചരിച്ചിരുന്നെങ്കിലും ട്രംപിൻ്റെ അധികാര കൈമാറ്റത്തിനു ശേഷമാണ് സ്ഥിരീകരണം വന്നത്.

സിൻസിനാറ്റി സ്വദേശിയായ വിവേക് തന്റെ രാഷ്ട്രീയ അഭിലാഷങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിൻ്റെ ഭാഗമായി അടുത്ത വർഷം ഒഹയോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറെടുക്കുകയാണ്. അതിനാലാണ് പുതിയ പദവി വിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ വിവേക് രാമസ്വാമി ഇതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഒഴിവുവന്ന സെനറ്റ് സീറ്റിലേക്ക് മത്സരിക്കാൻ അദ്ദേഹം മുമ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ലെഫ്റ്റനന്റ് ഗവർണർ ജോൺ ഹസ്റ്റഡിനെ ആ സ്ഥാനത്തേക്ക് നിയമിച്ചു.

“DOGE സൃഷ്ടിക്കുന്നതിൽ വിവേക് ​​രാമസ്വാമി നിർണായക പങ്ക് വഹിച്ചു, അദ്ദേഹം ഉടൻ തന്നെ, ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നു, അതിനാൽ DOGEനു പുറത്ത് അദ്ദേഹം തുടരേണ്ടതുണ്ട്. കഴിഞ്ഞ 2 മാസമായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞങ്ങൾ അദ്ദേഹത്തിന് വളരെയധികം നന്ദി പറയുന്നു, കൂടാതെ അമേരിക്കയെ വീണ്ടും മികച്ചതാക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – DOGE വക്താവ് അന്ന കെല്ലി പറഞ്ഞു.
ഫെഡറൽ ഗവൺമെന്റിനുള്ളിൽ ചെലവ് ചുരുക്കുന്നതിനുള്ള മേഖലകൾ കണ്ടെത്താനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സർക്കാരിതര ടാസ്‌ക് ഫോഴ്‌സായ DOGE-ൻ്റെ ചുമതല ഇലോൺ മസ്‌കിനാണ് നൽകിയിരിക്കുന്നത്. കാര്യക്ഷമതാ വകുപ്പിനെതിരെ ഇപ്പോൾ തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ജോലി ഭാരം വർധിപ്പിക്കേണ്ടിവരുമെന്ന് ഇപ്പോൾ തന്നെ സൂചന നൽകിക്കഴിഞ്ഞു.

വിവേക് രാമസ്വാമി തുടക്കം മുതൽ രാഷ്ട്രീയ മോഹവുമായി മുന്നോട്ടു വന്ന വ്യക്തിയായിരുന്നു. വലതുപക്ഷ രാഷ്ട്രീയ ആശയങ്ങളുടെ ശക്തനായ വക്താവാണ്. ഇത്തവണ യുഎസ് തിരഞ്ഞെടുപ്പിൽ പ്രൈമറിയിൽ മൽസരിച്ചിരുന്നു. അയോവ കോക്കസിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്ന് ട്രംപിനെ പിന്തുണച്ചു. ട്രംപിന്റെ ജനപ്രിയ “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” പ്രസ്ഥാനത്തിലെ ബുദ്ധി കേന്ദ്രമായി സ്ഥാനം പിടിച്ച രാമസ്വാമി ലോകത്തിലെ ഏറ്റവും സമ്പന്നരായ മില്ലേനിയലുകളിൽ ഒരാളാണ്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ.ഗണപതി അയ്യരുടെ മകൻ വി.ജി.രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. ഭാര്യ ഉത്തർപ്രദേശ് സ്വദേശി അപൂർവ തിവാരി. അപൂർവയുമൊത്ത് ഏതാനും വർഷം മുൻപു വിവേക് കേരളത്തിൽ വന്നിരുന്നു. കുടുംബത്തിൽ തമിഴാണു സംസാരിക്കുന്നതെങ്കിലും വിവേകിനു മലയാളവും അറിയാം.

Vivek Ramaswamy to step down from DOGE

More Stories from this section

family-dental
witywide