പ്ലീസ് സ്റ്റെപ്പ് ബാക്ക്, ചെന്നൈ തുറമുഖത്തിന്റെ ഒന്നാം സ്ഥാനം പഴങ്കഥ! ഇത് വിഴിഞ്ഞത്തിന്‍റെ വിസ്മയ കാലം, ഫെബ്രുവരിയിൽ തെക്ക്-കിഴക്ക്‌ ഇന്ത്യൻ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനം

തിരുവനന്തപുരം: ഇന്ത്യയിലെ തെക്ക്, കിഴക്കൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന ചരിത്ര നേട്ടം വിഴിഞ്ഞം തുറമുഖത്തിന് സ്വന്തമായി. പ്രശസ്തമായ ചെന്നൈ തുറമുഖത്തെയടക്കം പിൻതള്ളിക്കൊണ്ടാണ് വിഴിഞ്ഞത്തിന്‍റെ കുതിപ്പ്. ഫെബ്രുവരി മാസം ഇന്ത്യയിലെ തെക്ക്, കിഴക്കൻ തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാം സ്ഥാനത്തെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഫെബ്രുവരിയിൽ 40 കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. 78833 കണ്ടെയ്നറുകൾ ഒറ്റ മാസത്തിൽ കൈകാര്യം ചെയ്തുകൊണ്ടാണ് വിഴിഞ്ഞം ഇന്ത്യയിലെ തെക്ക് കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടി ഇ യു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും.

More Stories from this section

family-dental
witywide