
വാഷിംഗ്ടൺ: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. യുക്രൈനെതിരെ റഷ്യ നടത്തി വരുന്ന യുദ്ധനടപടികള്‍ നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിനോട് യുഎസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈന്‍ ആക്രമണങ്ങളില്‍ താന്‍ അസന്തുഷ്ടനാണെന്ന് ട്രംപ് വ്യക്തമാക്കി. “കീവിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ഞാന്‍ അസന്തുഷ്ടനാണ്. അനാവശ്യമാണത്, ശരിയായ സമയവുമല്ല. വ്‌ളാദിമിര്‍, നിര്‍ത്തൂ! പ്രതിവാരം 5000 സൈനികരാണ് മരിക്കുന്നത്. നമുക്ക് സമാധാനക്കരാര്‍ നടപ്പിലാക്കാം! ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
അതേസമയം, യുഎസിന് മേല്‍ സമ്മര്‍ദ്ദം ഉളവാക്കുന്നതിനായാണ് കീവിനുനേര്‍ക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞു. ക്രിമിയയുടെ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടിയാണ് യുക്രൈന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്ന് റഷ്യയ്ക്ക് അറിയാമെന്നും സെലന്‍സ്‌കി പറഞ്ഞു. വ്യാഴാഴ്ചത്തെ മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് കുട്ടികളുള്‍പ്പെടെ 31 പേര്‍ ആശുപത്രിയിലാണ്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കുശേഷം സമാധാന ഉടമ്പടി ഉടനുണ്ടാകുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.