ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു, ഹാട്രിക് ലക്ഷ്യം വെച്ച് ആം ആദ്മി പാര്‍ട്ടി, തടയാന്‍ കോണ്‍ഗ്രസും ബിജെപിയും

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിന്റെ ആംആദ്മിസര്‍ക്കാരിനുമെതിരെ വന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. രാവിലെ ഏഴുമണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന് നിര്‍ണായകമായ തിരഞ്ഞെടുപ്പുകൂടിയാണിത്. ഹാട്രിക് ലക്ഷ്യം വെച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കങ്ങള്‍. ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് രാജ്യതലസ്ഥാനം വേദിയാകുന്നത്.

ഡല്‍ഹിയില്‍ 70 നിയമസഭാ സീറ്റുകളിലായി തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് ത്രികോണ മത്സരം. 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വമ്പന്‍ വിജയം നേടിയിരുന്നു. എന്നാല്‍ ഇക്കുറി സര്‍ക്കാര്‍ വലിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ ജയിലിലാകുകയും രാജിവെക്കുകയും ചെയ്യേണ്ടിവന്നു. ജനങ്ങളുടെ ‘സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ്’ ലഭിച്ചാല്‍ മാത്രമേ താന്‍ വീണ്ടും ഉന്നത സ്ഥാനത്ത് എത്തുകയുള്ളൂ എന്ന് പ്രഖ്യാപിച്ച കെജ്രിവാളിന്റെ വിധി എന്താകുമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളും ഉറ്റുനോക്കുന്നത്. ജനം തള്ളുമോ കൊള്ളുമോ?

പ്രധാനമന്ത്രി മോദി നയിച്ച വമ്പന്‍ റാലികളുടെയും വാക്‌പോരുകളുടേയും ചൂടില്‍ക്കൂടിയാണ് ഡല്‍ഹി വോട്ടെടുപ്പിന് ഒരുങ്ങിയത്. ബിജെപിയും ഇത്തവണ വിജയം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യാസഖ്യത്തില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ വിമര്‍ശിച്ച് അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും ശ്രമം നടത്തി. 10 വര്‍ഷത്തിനുശേഷം, കോണ്‍ഗ്രസും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.

Also Read

More Stories from this section

family-dental
witywide