ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പുലര്‍ച്ചെ മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് പുറത്ത് വോട്ടര്‍മാരുടെ നീണ്ട നിരകളുണ്ട്. 7മണിയോടെ ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന തുടങ്ങിയ പ്രമുഖരും വോട്ടവകാശം വിനിയോഗിച്ചു.
ഡല്‍ഹി പ്രസിഡന്റ് എസ്റ്റേറ്റിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലാണ് പ്രസിഡന്റ് ദ്രൗപതി മുര്‍മു വോട്ട് രേഖപ്പെടുത്തിയത്.
VIDEO | Delhi Elections 2025: President Droupadi Murmu (@rashtrapatibhvn) casts vote at a polling booth in Rashtrapati Bhavan.#DelhiElections2025 #DelhiElectionsWithPTI
— Press Trust of India (@PTI_News) February 5, 2025
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/lLzzaXfKLe
രാഹുല്‍ ഗാന്ധി നിര്‍മ്മന്‍ ഭവനിലെ പോളിംഗ് ബൂത്തിലായിരുന്നു വോട്ടുചെയ്യാനെത്തിയത്. ഡല്‍ഹി രാജ് നിവാസ് മാര്‍ഗിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് ഗവര്‍ണര്‍ വികെ സക്സേനയും ഭാര്യയും വോട്ട് ചെയ്തത്. ‘ഡല്‍ഹിയിലെ ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്ത് അവരുടെ സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല, ഡല്‍ഹിയില്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. മലിനീകരണം ഒരു വലിയ പ്രശ്‌നമാണ്, മാലിന്യ മലകള്‍ ഒരു വലിയ പ്രശ്‌നമാണ്, യമുന വൃത്തിയാക്കല്‍ ഒരു വലിയ പ്രശ്‌നമാണ്. ഈ വിഷയങ്ങളെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാണ് ആളുകള്‍ വോട്ട് ചെയ്യുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്’- അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ ജയ്ശങ്കര്‍, ഹര്‍ദീപ് സിംഗ് പുരി എന്നിവരും ആദ്യമണിക്കൂറുകളില്‍ പോളിംഗ് ബൂത്തിലെത്തിയിരുന്നു. ഡല്‍ഹിയിലെ എന്‍ഡിഎംസി സ്‌കൂള്‍ ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസിലെ തുഗ്ലക്ക് ക്രസന്റിലുള്ള പോളിംഗ് ബൂത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഭാര്യയും വോട്ട് ചെയ്തു. പൊതുജനങ്ങള്‍ മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആനന്ദ് നികേതനിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളിലാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഭാര്യ ലക്ഷ്മി പുരിയോടൊപ്പം വോട്ട് ചെയ്തത്. നിരവധി വര്‍ഷങ്ങളായി എഎപി നശിപ്പിച്ച ഡല്‍ഹി പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
എഎപി സ്ഥാനാര്‍ത്ഥിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി, എഎപി സ്ഥാനാര്‍ത്ഥികളായ മനീഷ് സിസോഡിയ, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ് തുടങ്ങിയവരും ആദ്യമണിക്കൂറില്‍ വോട്ടവകാശം വിനിയോഗിച്ചു. ‘ഡല്‍ഹിയിലെ ഈ തിരഞ്ഞെടുപ്പ് വെറുമൊരു തിരഞ്ഞെടുപ്പല്ല, ഇതൊരു ധര്‍മ്മയുദ്ധമാണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അതിഷി വോട്ടുചെയ്തത്. ” ഇത് നല്ലവരും ചീത്തയും തമ്മിലുള്ള പോരാട്ടമാണ്… ഒരു വശത്ത് വികസനത്തിനായി പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരുണ്ട്, മറുവശത്ത് ഗുണ്ടാസംഘങ്ങള്‍ നടത്തുന്നവരുമുണ്ട്. ഗുണ്ടകള്‍ക്ക് വേണ്ടിയല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്” – അതിഷി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പൊലീസ് ബിജെപിക്ക് വേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.