വാളയാര്‍ കേസ്; സിബിഐ പ്രതികളാക്കിയ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഒരു നടപടികളും പാടില്ലെന്നും നിര്‍ദ്ദേശം

കൊച്ചി : കേരള മനസാക്ഷിയെ പിടിച്ചുലച്ച വാളയാര്‍ കേസില്‍ സിബിഐ പ്രതികളാക്കിയ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഇവര്‍ക്കെതിരെ ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിനുശേഷം വിശദമായ വാദം കേള്‍ക്കും.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങളെക്കൂടി പ്രതി ചേര്‍ത്ത സി ബി ഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സിബിഐ കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നാണ് പ്രധാന വാദം.

ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എന്നാല്‍, കുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തല്‍ പാലക്കാട് വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം നടന്ന് എട്ടുവര്‍ഷത്തോളമായിട്ടും കേസില്‍ ഇപ്പോഴും കൃത്യമായ കണ്ടെത്തലുകളില്ല എന്നതും ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide