വഖഫ് ഭേദഗതി ബില്ലിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി, പ്രതിപക്ഷം അഭ്യൂഹങ്ങള്‍ പരത്തുന്നുവെന്ന് വിമര്‍ശനം, സഭയില്‍ ബഹളം

ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്ലിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങളോട് സഭയില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

യുപിഎ സര്‍ക്കാരിനെതിരെ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രതിപക്ഷത്തെയും വിമര്‍ശിച്ചു. വഖഫ് ബില്ലിന്റെ ഭാഗമല്ലാത്ത വിഷയങ്ങളില്‍ നിങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കിരണ്‍ റിജിജു ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരൺ റിജിജു സഭയിൽ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് ബില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അവകാശപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നും എല്ലാ സംശയങ്ങൾക്കും മറുപടി നൽകുമെന്നും കിരൺ റിജിജു .

ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ ബില്‍ അവതരണം പുരോഗമിക്കുന്നത്. സ്പീക്കര്‍ പലപ്പോഴും ഇടപെടല്‍ നടത്തുന്നുണ്ട്.

ബില്ലിനെ എതിര്‍ത്ത് സഭയില്‍ കെ.സി. വേണുഗോപാല്‍ എംപി സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ വാദം തള്ളിയ അമിത് ഷാ, എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് എടുത്തുപറഞ്ഞു.

More Stories from this section

family-dental
witywide