
പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ പ്രതിപക്ഷ പ്രതിഷേധത്തിനും സുപ്രീം കോടതിയിലേക്ക് നീണ്ട നിയമ പോരാട്ടത്തിനും ഇടയിൽ നിർണായക തീരുമാനമെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ അതിവേഗം രാഷ്ട്രപതി ഒപ്പുവെച്ചു. ഇതിനു പിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവാദങ്ങൾക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ നിയമമായി.
രാത്രി 9 മണിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പുവെച്ചത്. പിന്നാലെ ബില്ല് വിജ്ഞാപനമായി കേന്ദ്ര സർക്കാർ പുറത്തിറക്കി. മുസ്ലീം ലീഗിലെ അഞ്ച് എംപിമാർ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതെല്ലാം നിരാകരിച്ചുകൊണ്ടാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്.
14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ബില്ല് “മുസ്ലീം വിരുദ്ധമാണെന്നും,ഭരണഘടനാ വിരുദ്ധമാണെന്നും അവർ വാദിച്ചിരുന്നു. എന്നാൽ “ചരിത്രപരമായ പരിഷ്കാര”മാണ് ഇതെന്നും, ന്യൂനപക്ഷ സമൂഹത്തിന് അത് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു.
നിലവിലുള്ള നിയമത്തിൽ 40ഓളം ഭേദഗതികളാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. വഖഫ് നിയമത്തിൽ നിന്ന് നിരവധി വകുപ്പുകൾ റദ്ദാക്കാനും പുതിയ ബിൽ നിർദേശിക്കുന്നു. പുതിയ ഭേദഗതി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള വഖഫ് ബോർഡുകളുടെ ഏകപക്ഷീയമായ അധികാരം കുറയ്ക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള വഖഫ് നിയമത്തിലെ സെഷൻ 40, നിർബന്ധിത പരിശോധന കൂടാതെ സ്വത്തുകൾ പരിശോധിച്ച് വഖഫ് സ്വത്തായി നിശ്ചയിക്കാൻ ബോർഡുകൾക്ക് അവകാശം നൽകുന്നു. എന്നാൽ പുതിയ ഭേദഗതി 40ാം വകുപ്പ് പൂർണാമയും ഒഴിവാക്കി സ്വത്ത് നിർണയിക്കാനുള്ള പൂർണ അധികാരം ജില്ലാ കളക്ടർക്ക് കൈമാറുകയാണ്.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, വലിയ പ്രശ്നങ്ങൾ ഉടലെടുക്കുമെന്ന വിമർശനമാണ് മുസ്ലീം നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നത്. എന്നാൽ വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുകയും ഈ സമിതികളിൽ സ്ത്രീകളെ നിർബന്ധമായും ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഭേദഗതി ബില്ലിന് പിന്നിലെ ആശയമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. മുസ്ലീം സമുദായത്തിനുള്ളിൽ നിന്നുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങളെന്നുള്ള ന്യായീകരണവും കേന്ദ്രം ഉയർത്തുന്നുണ്ട്.