
വഖഫ് ബില്ലില്‍ മുസ്‌ലിം വിരുദ്ധമായി ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്നും വോട്ട് ബാങ്കാണ് ലക്ഷ്യമെന്നും ഷാ ലോക്സഭയിൽ പറഞ്ഞു. വഖഫ് ദാനമാണ്. അതിന് മഹത്വമുണ്ട്. ആ പണം പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്കുള്ളതാണ്. വിവിധ ക്രിസ്ത്യന്‍ സഭകള്‍ വഖഫ് ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഖഫിന് സര്‍ക്കാര്‍ ഭൂമി നല്‍കി. തമിഴ്‌നാട്ടില്‍ പുരാതന ക്ഷേത്രത്തിന്റെ ഭൂമി വഖഫിന് എഴുതിക്കൊടുത്തുവെന്നും അമിത് ഷാ ആരോപിച്ചു.
അതിനിടെ വഖഫ് ബില്ലിനെ പിന്തുണച്ച് ജെ ഡി യുവും ടി ഡി പിയും രംഗത്തെത്തി. വഖഫ് ബോര്‍ഡില്‍ അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ടി ഡി പി ആവശ്യപ്പെട്ടു. കൃഷ്ണപ്രസാദ് തേനെറ്റി എം പിയാണ് ടി ഡി പിക്കുവേണ്ടി ബില്ലിന് പിന്തുണ അറിയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ജെ ഡി യു മന്ത്രി രാജീവ് രഞ്ജന്‍ അഭിപ്രായപ്പെട്ടു. ബില്ല് അവതരിപ്പിച്ചതു മുതല്‍ മുസ്‌ലിം വിരോധമെന്ന് പ്രചരിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്നുവെങ്കില്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും രാജീവ് രഞ്ജന്‍ ചോദിച്ചു.
അതേസമയം വഖഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതോടെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയർത്തുന്നത്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ന്യൂനപക്ഷത്തിനെതിരല്ല ബില്‍ എന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ വഖ്ഫിനു മേലുള്ള കടന്നുകയറ്റമാണെന്ന് സി പി എം എം പി. കെ രാധാകൃഷ്ണന്‍ പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കടക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷം ബഹളം വച്ചു.
മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന മുസ്ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്നും മെഹബൂബ പറഞ്ഞു.